Tuesday, July 6, 2021

സ്നേഹം

ചിലപ്പോഴെങ്കിലും;

നൂലു പൊട്ടി പറക്കുന്ന എന്നെ 

വേഗങ്ങൾ അസാധുവാക്കിയും 

വേരുകൾ കൂട്ടിക്കെട്ടിയും

ചേർത്ത് നിർത്തുന്ന നീ.




Sunday, March 15, 2015


നനഞ്ഞ  വൈകുന്നേരങ്ങൾ -
പരിചയമില്ലാത്ത പുഞ്ചിരികൾ -
 വീട് -

കൊട്ടിൽ  പടിയിലെ ആഞ്ഞിലി മണം
നെറുകയിൽ നിന്റെ നനഞ്ഞ ശ്വാസം
അരക്കെട്ടിലെ ജ്ഞാനസ്നാനം
ഉർവരതയുടെ പച്ച മണം

കുതിർന്ന തൊലിയുടെ അകമടക്കുകളിൽ
പേരറിയാത്ത നൂറു ഗന്ധങ്ങൾ

ഇരുൾ കമ്പിളിയുടെ
ഉർവര ഗർഭത്തിൽ
തലമുറകളുടെ കൂട്ടകരച്ചിൽ

മഴ -
നിന്നിലെ
കർപ്പുരമണം.

Tuesday, February 12, 2013



" യാ മൌലാ..
നിന്‍റെ  നാമത്തിലാണ് 
ഞാന്‍ ഓരോ ഇഴയും നൂല്ക്കുന്നത് 
ഇതിലേത് ഇഴയാണ് നിനക്ക് സ്വീകാര്യമാവുക 
എന്ന് എനിയ്ക്കറിയില്ലല്ലോ.."

നെയ്തു കൂട്ടുന്ന ഓരോ ഇഴയിലും അവര്‍ പ്രാര്‍ത്ഥനകള്‍ ഒളിച്ചു വെയ്ക്കുന്നു ..
ഓരോ ഗലികളിലും വൃദ്ധനായ ആ  സൂഫി ഗായകന്‍റെ  കാല്പാദങ്ങള്‍ ഇഴയുന്നു..


കിലാ കോട്ടിയില്‍ നിന്നും തിരികെ മടങ്ങുന്ന വഴികള്‍ക്കിടയില്‍ , നിശബ്ദരായ പാറ കൂട്ടത്തിനിടയില്‍ സമര്‍ത്ഥമായി ആരോ ഒളിച്ചു വെച്ചിരിക്കുന്നു -  ജാഗേശ്വരി ദേവിയുടെ ക്ഷേത്രം.
വെട്ടിയൊതുക്കിയ കാല്‍ വരിയിലൂടെ,  കുളപടവുകളുടെ ആഴമേറിയ ദാഹങ്ങളിലേക്ക് - അമ്പലമണിമുഴക്കങ്ങളിലേക്ക്- അവളുടെ അതീന്ദ്രീയമായ ലാവണ്യത്തിലേക്ക്-  മറവിയുടെ പുകകുഴലുകള്‍ പോലെ പുറം തൊലിയെ തൊട്ടു വിളിക്കുന്ന അഗര്‍ബതി  മണങ്ങള്‍ എന്നെ ഉറക്കി കിടത്തി-

 തീര്‍ച്ചയായും ഞാന്‍ മുന്‍പിവിടെ വന്നിട്ടുണ്ട്-
ഒന്നുകില്‍ 
ഓര്‍മ്മകളില്ലതൊരു കാലത്തിന്‍റെ  ചുളിവുകളിലെപ്പോഴോ അച്ഛന്‍റെ  കൈവിരലില്‍ തൂങ്ങി-
അല്ലെങ്കില്‍
മഞ്ഞ നിറമുള്ള ഒരു പുസ്തകത്തിന്‍റെ  അവസാനത്തെ താളും ഇടത്തോട്ട് മറിച്ചു കൊണ്ട് പ്രിയ കഥാകാരന്‍റെ  മടിയിലേക്ക്‌ കണ്ണുകളടയ്ക്കുന്ന  നിമിഷത്തിന്‍റെ അപൂര്‍വതകളിലെപ്പോഴോ..
അതുമല്ലെങ്കില്‍-
ഒരുറക്കത്തിന്‍റെ  ആഴങ്ങളിലേക്ക് നഷ്ടപ്പെട്ട് പോവും മുന്‍പ് ഞാന്‍ കണ്ട നിറവും ഗന്ധവുമുള്ള   സ്വപ്നത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു സന്ദര്‍ഭമായിരിക്കണമത്.
ഇവിടെ, ഈ പാറ കെട്ടുകള്‍ക്കിടയിലോ, കല്‍പടവുകള്‍ക്കറ്റത്തോ, ആല്‍മരങ്ങളില്‍ ഉറക്കം തൂങ്ങുന്ന വാവലുകളുടെ ചിറകിനടിയിലോ ഞാന്‍ മറന്നു വെച്ചിടുണ്ട് -
എനിക്ക് പ്രിയപെട്ടതെന്തോ ..
ഇപ്പോഴും എനിക്കത് തിരിച്ചെടുക്കനാവും , ഒരു പോറല്‍ പോലുമേല്‍ക്കാതെ ..


ഇവിടെയുമുണ്ട് വാകകള്‍ -
പൂക്കാന്‍ മടിച്ചു നില്കുന്നത് പോലെ..
ഈ പ്രണയ നഗരത്തിന്, 
ഇനിയൊരു വാകപൂവിന്‍റെ ചുവപ്പ് പോലും ആവശ്യമില്ലെന്ന് തോന്നും ..



ഈ വന്യസൗന്ദര്യം ഭ്രാന്തവും കാല്പനികവുമാവുന്ന നഗരരാത്രികളില്‍ ഞാനേറ്റവും  കൂടുതല്‍ അറിഞ്ഞത് നിന്നെയാണ് - ലക്ഷ്മണ്‍  മന്ദിറിന്‍റെ മടിയില്‍ രാവും പകലുമില്ലാതെ  ഉറക്കം നടിക്കുന്ന പരമേശ്വര്‍ തടാകം.
നിന്‍റെ  കല്പടവുകളില്‍ ഇരുന്നാണ് ആ രാത്രയില്‍ ഞാനെന്നെ  അറിഞ്ഞത്..
ആകാശം മുഴുവനും നക്ഷത്രങ്ങള്‍ക്കായി മാറ്റിവെച്ച രണ്ടു രാത്രികള്‍
നിന്‍റെ  പായല്‍ വഴുക്കുന്ന കല്‍പടവുകള്‍ക്കും, നിന്നില്‍ മുഖം നോക്കുന്ന നക്ഷത്രങ്ങള്‍ക്കും, നിന്നിലേക്ക്‌ വീണുറങ്ങാന്‍ കണ്ണുചിമ്മുന്ന വഴിവിളക്കുകള്‍ക്കുമറിയാം..
എന്നെയും നിന്നെയും, - നിനക്കും എനിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍...... .

                               

ഇന്നും എന്‍റെ  പ്രഭാതങ്ങള്‍ കണ്‍തുറക്കുന്നത് അന്തര്‍ ഷെഹറിലെ നെയ്ത്തു പുരകളുടെ സംഗീതത്തിലെക്കാണ്..
പകല്‍ സമയങ്ങളില്‍, ഞാന്‍ നടക്കുന്നത്‌, ചന്ദനത്തിരി മണക്കുന്ന  നിന്‍റെ ഗലികളിലൂടെയാണ്..
പേരറിയാത്തൊരു വൃദ്ധ ഗായകനെ പിന്‍തുടര്‍ന്ന് , വൈകുന്നേരങ്ങളില്‍ കുന്നിറങ്ങിയെത്തുന്നത്  ജാഗേശ്വരിയുടെ മണി മുഴക്കങ്ങളിലെക്കാണ് ..


"സര്‍വതിനെയും അളന്നു തിട്ടപ്പെടുത്തുന്ന ലോകത്തു നിന്ന് 
അഹം ഭാവവും വെറുപ്പും കടന്നു ചെല്ലാത്ത ഒരിടത്തേയ്ക്ക്
ആത്മാവിനെ മോചിപ്പിയ്ക്കുവാന്‍ .."

ഞാനിപ്പോഴും നിന്നില്‍ നിന്നും തിരിച്ചു പോരാന്‍ മടിക്കുന്നു.

Tuesday, September 4, 2012

കടലില്‍ ..












 ഉറങ്ങി പോയൊരു സ്വപ്നം -
വാ മൂടിയ ചെപ്പുകുടത്തില്‍ 
അനാഥമായി പോയ വാക്ക് -
ഹൃദയമെത്താത്ത ദൂരത്തില്‍
കാത്തിരിപ്പിന്റെ ചുഴികള്‍ -
നീയെന്നു പേരിട്ട മുറിവിന്റെ ആഴത്തില്‍
എത്ര കപ്പല്‍ ചേതങ്ങള്‍ ..?
ജനിക്കാതെ പോയൊരു കുഞ്ഞു കരച്ചില്‍ -

എന്നിട്ടുമെന്തിനാണ് ..??
ഭൂമിയുടെ കറുത്ത അറ്റത്തേയ്ക്കെന്ന   
കള്ളമെറിഞ്ഞ് ,
തനിയെ തുഴഞ്ഞു പോയ നിന്നെ
ഞാനീ കടലിനെക്കാളുമേറെ സ്നേഹിക്കുന്നത്..?





Wednesday, April 4, 2012


ചിലപ്പോള്‍ തോന്നും
പെരുവിരലറുത്ത് 
വിദ്യയെ വന്ധ്യംകരിച്ചൊരു ഗുരുനാഥന്‍
 നിന്‍റെയുള്ളില്‍  കുനിഞ്ഞിരിപ്പുണ്ടെന്ന്-

അതു കൊണ്ടാണ്
ഉടല്‍ കൊണ്ട് സ്നേഹിക്കുമ്പോഴും
നെഞ്ജില്‍  കൈചേര്‍ത്ത്
പരിചിതമായൊരു  മിടിപ്പിനു വേണ്ടി കൊതിച്ചത്-

അത് കൊണ്ട് മാത്രമാണ്
പെരുവിരലിനും
രഥചക്രത്തിനുമിടയില്‍ 
നീയറിയാത്തൊരു  താഴ്ചയിലേക്ക്
ഇത്രമേലാഴത്തില്‍ ഞാനൊറ്റയ്കായി  പോയത്..

Tuesday, December 13, 2011

ആത്മഹത്യ




ഓരോ രാത്രിയിലുംഞരമ്പുകളില്‍
നീ കുത്തിയിറക്കുന്ന ശരീരപാഠങ്ങള്‍ .
ഉരുകി തിളയ്കുന്ന സ്പര്‍ശത്തിലൂടൂ-
ര്‍ന്നുപോയ ആത്മാവിന്‍റെ  മിടിപ്പുകള്‍ .
ഒന്നിച്ചുറങ്ങിയപ്പോഴെല്ലാം
ചുണ്ടു പൊട്ടിയ ഗദ്ഗദങ്ങളില്‍  നിന്നും
നീയെന്നെ വീണ്ടെടുത്ത ഗന്ധര്‍വയാമങ്ങള്‍ .
ഇരുട്ടിലൊറ്റയായ്  പോയ
നിലാവിന്‍റെ നിഴല്‍ കഷ്ണം.

അറിയില്ല നിനക്ക്-
കൈത്തണ്ട മുറിഞൊഴുകിയ
ദുഷിച്ച രക്തകണങ്ങള്‍ക്കപ്പുറം
ഒരര്‍ത്ഥശൂന്യതയുടെ ദൂരം മാത്രമേയുള്ളൂ
നിന്‍റെ ശരിക്കും
എന്‍റെ തെറ്റിനുമിടയില്‍ .

നിന്നിലുണ്ട്-
ഉറങ്ങിപോയ പുലരികള്‍ ,
ഇരുണ്ടു പോയ അകമറകളില്‍   
ഭദ്രമായി ഞാനൊളിപ്പിച്ച 
കാമനകളുടെ താക്കോല്‍ ,
വേണ്ട വേണ്ടയെന്നു തട്ടിമാറ്റുമ്പോഴും  
ഞാന്‍ എന്നിലേക്ക്‌ തന്നെ വലിച്ചടുപ്പിക്കുന്ന 
ആഗ്രഹങ്ങളുടെ പുതപ്പ്,
ഞാനും നീയുമെന്ന ഇല്ലായ്മകളെ
സാധൂകരിയ്ക്കാന്‍ 
വീണ്ടും
ഞെട്ടിപ്പിക്കുന്നൊരു   താക്കീത്.

Sunday, November 6, 2011



ജോണ്‍ -
മിന്നല്‍പിണരിന്‍റെ ഒറ്റഞരമ്പിലൂടെ
മനസ്സ് മുറിക്കുന്ന രാത്രിമഴ.
ഭ്രാന്തിന്‍റെ വേദസാരങ്ങളില്‍ ,
നീ
ഉയിര്‍പ്പിന്‍റെ മൂന്നാം പകല്‍.
സംശയങ്ങളേതും ബാക്കിവയ്ക്കാത്ത
സഹനവല്‍മീകം-
വിഷലിപ്തമായ നിന്‍റെയേകാന്തത

അമ്മമാര്‍-
അവരുറങ്ങികൊള്ളട്ടെ,
ഒരു തുള്ളി വീഞ്ഞിനും
ഒരു രാത്രിസഭയ്ക്കും വേണ്ടി
നമുക്കീ വേദപുസ്തകം പണയം വെയ്ക്കാം.
രക്തസാക്ഷികള്‍ക്കിനിയൊരു
ദൂതനില്ല-

ഇതാ
എന്‍റെ പഴയ കയറ്റുകട്ടിലില്‍
അക്ഷരമാലാക്രമം തെറ്റിച്ച്‌
ഒരാത്മാവ് കൂടി ചേക്കേറുന്നു.
പനിപിടിച്ച ദര്‍ബാറില്‍ നിന്നും
മുറിവേറ്റ ഒരു പക്ഷി കൂടി ഭൂമി തേടുന്നു.
വിളക്കുമരത്തിന്‍റെ കണ്ണ് കുത്തി പൊട്ടിക്കാന്‍
മുറിബീഡിയുടെ ചൂട്ടു വെളിച്ചം തേടിയവന്‍  
നീയെനിക്ക് പ്രിയപ്പെട്ടവന്‍
ജോണ്‍ -
നിനക്ക് ശേഷവും, ഉയിര്‍പ്പിന്‍റെ-
ഈ ഗുഹാമുഖം തുറക്കാന്‍
ആരുമെത്തിയില്ല.
ഇന്നോളം-
വാഴ്വിന്‍റെ ഒരു വേനലിലും
ഈ താഴ്വര പൂത്തിട്ടില്ല

Thursday, October 6, 2011

അറിയപ്പെടാത്ത കാരണങ്ങളാല്‍ രാജ്യം നഷ്ടപ്പെട്ടവര്‍ക്ക് -

















എല്ലാവര്‍ക്കുമുണ്ട്,
പറിച്ചു മാറ്റാന്‍ പറ്റാത്തത്രയും ആഴത്തിലേക്ക്
വേരുകളിറങ്ങിപ്പോയ ഒരുപിടി മണ്ണ്

എന്നെ പോലെ നീയും-
കാത്തു വെച്ചിരിക്കുന്നു
കണ്ണിനു താഴെ തെളിഞ്ഞ പച്ച ഞരമ്പിനുള്ളില്‍
മോഹിപ്പിക്കുന്ന ഒരു സ്വപ്നം..

അകലെ
ആ പ്രിയപ്പെട്ട നഗരത്തില്‍ ഇപ്പോഴുമുണ്ട്
നമുക്കിനിയും കൈമോശം വന്നിട്ടില്ലാത്ത തണലുകള്‍
കൈയകലത്തില്‍ മാത്രം കാലഹരണപ്പെടാത്ത
നമ്മുടെ ഭാഷ.
ഹൃദയത്തിന്റെ ചുറ്റളവില്‍
നഷ്ടപ്പെട്ടിട്ടില്ലാത്ത സ്നേഹാതിര്‍ത്തികള്‍


ദന്ദെവാഡയിലും നക്സല്‍ബാരിയിലും ഇനിയുണ്ടാവില്ല
ചിറകു മുളച്ച വെള്ളിമേഘങ്ങള്‍
തേജസ്വിനിയിലും ഇന്ദ്രാവതിയിലുമില്ല
കാലുഷ്യത്തിന്‍റെ ചുഴിയനക്കങ്ങളൊന്നും.

ജനിക്കുന്നതിനും മുന്‍പേ പെയ്ത ഒരു മഴയില്‍
ഭാഷ നഷ്ടപെട്ടു പോയ മനുഷ്യരുടെ സ്വത്വ ദുഖം
ഇന്നെന്‍റെ പുണ്ണ് പിടിച്ച ചിന്തകള്‍ക്ക് മേല്‍
ഉപ്പു തരികള്‍ വീഴ്ത്തുന്നു-